Spread the love

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യയുടെ ദേശീയ ക്ഷേത്രമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്രം ഇന്ത്യയുടെ ഐക്യത്തിന്റെ പ്രതീകമായിരിക്കുമെന്നും ജനങ്ങൾ ഈ ദിവസത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ നിർമ്മാണത്തിന് അദ്ദേഹം തറക്കല്ലിടുകയും ആദ്യത്തെ കൊത്തുപണികൾ സ്ഥാപിക്കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രണ്ട് വർഷം മുമ്പ് അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കമിട്ടത്. “ഇന്ന്, ശ്രീരാമ ക്ഷേത്രത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. രാമക്ഷേത്രത്തിനായുള്ള 500 വർഷം പഴക്കമുള്ള പോരാട്ടം അവസാനിച്ചുവെന്ന് പറഞ്ഞ യോഗി ഇത് ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷമാണെന്നും പറഞ്ഞു.

11 പുരോഹിതരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്യാസിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, രാമക്ഷേത്ര നിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

By newsten