കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഗുരുദ്വാരയിൽ ഐഎസ് നടത്തിയ ആക്രമണത്തിൽ ഗുരുദ്വാരയിലെ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കാബൂളിലെ കര്‍ത്തെ പര്‍വാന്‍ പ്രവിശ്യയിലുള്ള ഗുരുദ്വാരയിലാണ് ആക്രമണമുണ്ടായത്. രണ്ട് സ്ഫോടനങ്ങളും തുടർന്ന് വെടിയൊച്ചകളും കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.
തീവ്രവാദികളും താലിബാൻ സേനയും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. എട്ടോളം പേർ ഗുരുദ്വാരയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഗുരുദ്വാര വളരെ തിരക്കേറിയ പ്രദേശത്താണ്. സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.