Spread the love

ഇസ്‌ലാമാബാദ്: മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് ചെയർമാനുമായ ഇമ്രാൻ ഖാൻറെ കിടപ്പുമുറിയിൽ ചാര ഉപകരണം സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാർ അറസ്റ്റിൽ. ഇമ്രാനെതിരെ കൊലപാതക ഗൂഢാലോചന നടക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് ചാരപ്പണി ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടത്. മറ്റൊരു ജീവനക്കാരൻ ചാര ഉപകരണം സ്ഥാപിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇമ്രാൻറെ സുരക്ഷാ ചുമതലയുള്ള ജീവനക്കാരെ വിവരം അറിയിച്ചത്.

ബാനി ഗാല പട്ടണത്തിലെ ഒരു ജീവനക്കാരനെ എതിരാളികൾ ഭീഷണിപ്പെടുത്തുകയും പണം നൽകുകയും ചെയ്തുവെന്നും ഇമ്രാൻ ഖാനെതിരെ വധ ഗൂഡാലോചന നടക്കുന്നതായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും മറ്റുള്ളവരെയും അറിയിച്ചിട്ടും ഫലപ്രദമായ ഇടപെടൽ ഉണ്ടായില്ലെന്നും പിടിഐ നേതാവ് ഷഹബാസ് ഗിൽ ആരോപിച്ചു. ഷഹബാസ് ഷെരീഫ് ഭരണകൂടമാണ് ഇത്തരം ശ്രമങ്ങൾക്ക് പിന്നിലെന്ന കാര്യത്തിൽ സംശയമില്ലെന്നും ഗിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇമ്രാൻ ഖാൻ നേരെ വധശ്രമം നടന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് ഇസ്ലാമാബാദിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഇമ്രാൻ ഖാനെതിരായ ആക്രമണമോ ചെയ്യാൻ പാടില്ലാത്ത മറ്റെന്തെങ്കിലുമോ ഉണ്ടായാൽ അത് പാക്കിസ്ഥാനെതിരായ ആക്രമണമായി കണക്കാക്കുമെന്നും അതിൻറെ പ്രത്യാഘാതങ്ങൾ ഭീകരമായിരിക്കുമെന്നും ഇമ്രാൻ ഖാൻറെ അനന്തരവൻ ഹസൻ നിയാസി ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇമ്രാൻ ഖാൻ വധഭീഷണിയുണ്ടെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കിയതായി പാക് മുൻ മന്ത്രി ഫവാദ് ചൗധരി ഏപ്രിലിൽ പറഞ്ഞിരുന്നു. പാകിസ്താനിൽ ഇടക്കാല തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ഇസ്ലാമാബാദിൽ നടന്ന റാലിയിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ഉപയോഗിക്കണമെന്ന് സുരക്ഷാ ഏജൻസികൾ നിർദ്ദേശിച്ചിരുന്നെങ്കിലും ഇമ്രാൻ ഖാൻ അത് പാലിക്കാൻ തയ്യാറായില്ല. ഇമ്രാൻ ഖാൻ എന്തെങ്കിലും സംഭവിച്ചാൽ രാജ്യത്ത് ചാവേർ ആക്രമണം നടത്തുമെന്ന് പിടിഐ എംപി അത്തുള്ളയും ഭീഷണി മുഴക്കിയിരുന്നു.

By newsten