ജർമ്മനി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഒരു സ്ത്രീയായിരുന്നെങ്കിൽ യുക്രൈനിൽ യുദ്ധം ആരംഭിക്കില്ലായിരുന്നു എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പുടിൻ ഒരു സ്ത്രീയായിരുന്നെങ്കിൽ അധിനിവേശത്തിന്റെയും അക്രമത്തിന്റെയും ഭ്രാന്തമായ യുദ്ധം തുടങ്ങുമെന്ന് താൻ കരുതുന്നില്ലെന്ന് ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ ജോൺസൺ പറഞ്ഞു.
യുക്രൈനിലെ പുടിന്റെ അധിനിവേശം വിഷലിപ്തമായ പുരുഷത്വത്തിന്റെ ഉത്തമ ഉദാഹരണമാണ്. ലോകമെമ്പാടുമുള്ള പെൺകുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകണമെന്നും കൂടുതൽ സ്ത്രീകൾ അധികാര സ്ഥാനങ്ങളിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ തൽക്കാലം അത് നടക്കില്ല. പുടിൻ സമാധാനം വാഗ്ദാനം ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയുമായി സമാധാന ചർച്ചകൾ സാധ്യമാകുന്ന തരത്തിൽ പാശ്ചാത്യ ശക്തികൾ യുക്രൈനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.