കോഴിക്കോട്: ലത്തീൻ അതിരൂപതയ്ക്ക് ജുഡീഷ്യറിയിൽ വിശ്വാസമുണ്ടോയെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ചോദിച്ചു. ജുഡീഷ്യറിയിൽ വിശ്വാസമുണ്ടായിരുന്നുവെങ്കിൽ കോടതി ഉത്തരവ് ലംഘിക്കില്ലായിരുന്നുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിഴിഞ്ഞം സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ലത്തീൻ അതിരൂപതയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മറ്റ് മതവിഭാഗങ്ങളുടെ വീടുകൾ ആക്രമിക്കപ്പെടുന്ന സാഹചര്യമാണ് ഇന്നലെ ഉണ്ടായതെന്നും മതസൗഹാർദം തകർക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
സംഘർഷത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സമരസമിതി ജനറൽ കൺവീനർ യൂജിൻ എച്ച്. പെരേര ആവശ്യപ്പെട്ടു. അന്വേഷണം പ്രഖ്യാപിക്കാൻ പെരേര സർക്കാരിനെ വെല്ലുവിളിച്ചു. സമരത്തെ നിർവീര്യമാക്കാനുള്ള നീക്കത്തിന് പിന്നിൽ സർക്കാരും അദാനിയും ഒറ്റക്കെട്ടാണെന്നും വിഴിഞ്ഞം സംഘർഷം സർക്കാരിന്റെ തിരക്കഥയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി–ബിജെപി പ്രസിഡന്റ് കൂട്ടുകെട്ട് ദുരൂഹമാണെന്നും യൂജിൻ പെരേര ആരോപിച്ചു.
വിഴിഞ്ഞത്ത് നടക്കുന്നത് കലാപനീക്കമെന്നാണ് സി.പി.എം പറയുന്നത്. സമരസമിതിയാണ് സംഘർഷത്തിന് കാരണമായത്. സമരക്കാരുടെ ആറ് ആവശ്യങ്ങളിൽ അഞ്ചെണ്ണം അംഗീകരിച്ചതായി സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. സർവകകക്ഷിയോഗം വൈകിട്ട് 3.30ന് കലക്ടറേറ്റിൽ ചേരും. മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തേക്കില്ല.