ഔറംഗബാദ്: മടിയിൽ കനമില്ലെങ്കിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നടപടിയെ ഭയപ്പെടേണ്ടതില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി. ശിവസേന നേതാവ് സഞ്ജയ് റാവത്തിന്‍റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് നടത്തിയ റെയ്ഡിനോട് പ്രതികരിക്കുകയായിരുന്നു ഏക്നാഥ് ഷിൻഡെ. റാവത്ത് നിരപരാധിയാണോ എന്ന് അന്വേഷണത്തിൽ കണ്ടെത്തുമെന്ന് ഔറംഗാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഷിൻഡെ പറഞ്ഞു.
“താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് റാവത്ത് പറയുന്നത്. അങ്ങനെയെങ്കിൽ എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്? അത് നടക്കട്ടെ. നിങ്ങൾ നിരപരാധിയാണെങ്കിൽ, നിങ്ങൾ എന്തിനാണ് ഭയപ്പെടുന്നത്?” ഷിൻഡെ ചോദിച്ചു. സാഹചര്യങ്ങളുടെ നിർബന്ധം മൂലമാണ് വിമത സേനയിൽ ചേർന്നതെന്ന ശിവസേന നേതാവ് അർജുൻ ഖോട്കറുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ ഞങ്ങൾ അദ്ദേഹത്തെ ക്ഷണിച്ചിരുന്നോ? ഇ.ഡിയെ ഭയന്നോ സമ്മർദ്ദത്തിലായോ ഞങ്ങളുടെയിടയിലേക്കോ ബിജെപിയിലേക്കോ വരരുത്,’ ഷിൻഡെ പറഞ്ഞു.