Spread the love

തിരുവനന്തപുരം: മുൻവർഷങ്ങളിലെ കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളിലും മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് അഞ്ച് വീടുകൾ പൂർണമായും 55 വീടുകൾ ഭാഗികമായും തകർന്നു. ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരാളെ കാണാനില്ല. മഴ വലിയ തോതിൽ ശക്തിപ്രാപിക്കുകയാണെന്നും അടുത്ത നാല് ദിവസത്തേക്ക് അതിശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളിലും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്നലെ വൈകുന്നേരം മുതൽ തെക്കൻ കേരളത്തിൽ വ്യാപകമായ മഴയാണ് ലഭിക്കുന്നത്. നാളെ വരെ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴയുണ്ടാകും. നാളെയ്ക്ക് ശേഷം വടക്കൻ കേരളത്തിൽ കൂടി ഇത് വ്യാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ 200 മില്ലിമീറ്ററിലധികം മഴയാണ് പ്രതീക്ഷിക്കുന്നത്. തുടർച്ചയായി നാല് ദിവസം ഇതുപോലെ മഴ പെയ്താൽ പ്രതിസന്ധിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് സംഘങ്ങളെ മുൻകൂട്ടി വിന്യസിച്ചിട്ടുണ്ട്. എൻ.ഡി.ആർ.എഫിന്‍റെ നാല് സംഘങ്ങളെ കൂടി സംസ്ഥാനത്തേക്ക് കൊണ്ടുവരും. കോട്ടയം, എറണാകുളം, കൊല്ലം, മലപ്പുറം ജില്ലകളിൽ ഇവരെ വിന്യസിക്കും. ജലസേചന വകുപ്പിന്‍റെ 17 ഡാമുകളിൽ നിന്ന് വെള്ളം പുറത്തുവിടുന്നുണ്ട്. കെ.എസ്.ഇ.ബി.യുടെ വലിയ ഡാമുകളിൽ നിന്ന് ഇപ്പോൾ വെള്ളം തുറന്നുവിടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By newsten