തിരുവനന്തപുരം: മയക്കുമരുന്ന് കടത്ത് തടയാനായി കൊറിയർ സര്‍വീസുകാര്‍ക്ക് എക്സൈസ് വകുപ്പ് നിർദ്ദേശം നൽകി. പാഴ്സലുകൾ പതിവായി വരുന്ന വിലാസങ്ങൾ നിരീക്ഷിക്കാനുൾപ്പെടെയാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. മയക്കുമരുന്ന് കടത്തിന് കൊറിയർ സേവനം ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോഴിക്കോട്ട് കൊറിയർ സർവീസ് വഴി മയക്കുമരുന്ന് കടത്തുന്ന സംഭവങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് കടത്തിന് കൊറിയർ സേവനം വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തി. പതിവ് പാഴ്സലുകൾക്ക് സാധ്യതയില്ലാത്ത വിലാസങ്ങളിലേക്ക് പാഴ്സലുകൾ എത്തുന്നത് നിരീക്ഷിക്കാനും കൊറിയർ സ്വീകരിക്കാൻ വരുന്നവരിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഉദ്യോഗസ്ഥരെ അറിയിക്കാനും എക്സൈസ് വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
പാഴ്സലുകൾ തുറന്ന് പരിശോധിക്കുന്നത് അപ്രായോഗികമാണ്. എന്നാൽ, ഇത്തരം സംഭവങ്ങളിൽ ജാഗ്രത വേണമെന്നാണ് എക്സൈസ് വകുപ്പിന്റെ നിലപാട്. കൊറിയർ ജീവനക്കാരുമായി ഏകോപിപ്പിച്ച് പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.