മുംബൈ: പൊലീസ് കൂടുതൽ ജാഗ്രത പാലിച്ചിരുന്നെങ്കിൽ മകൾ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് ഡൽഹിയിൽ കൊല്ലപ്പെട്ട 27കാരി ശ്രദ്ധ വാൽക്കറിന്റെ പിതാവ് വികാസ് വാല്‍ക്കര്‍ പറഞ്ഞു. ഒപ്പം താമസിച്ചിരുന്ന പുരുഷ സുഹൃത്ത് അഫ്താബ് അമീന് പൂനവാല ഉപദ്രവിക്കുന്നെന്ന് ശ്രദ്ധ പൊലീസിൽ നൽകിയ പരാതിയെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ശ്രദ്ധ അഫ്താബിനെ പരിചയപ്പെട്ടത്. ഇത്തരം അപകടകരമായ ആപ്ലിക്കേഷനുകൾക്കെതിരെ നടപടിയെടുക്കണമെന്നും ശ്രദ്ധയുടെ പിതാവ് ആവശ്യപ്പെട്ടു. ശ്രദ്ധയെ കാണാതായതിനെ തുടർന്ന് പൊലീസ് അഫ്താബിന്റെ വിശദാംശങ്ങൾ ആപ്പ് ഉടമകളിൽ നിന്ന് ശേഖരിച്ചു. ഈ ആപ്ലിക്കേഷനിലൂടെ ഇയാൾ പരിചയപ്പെട്ട മറ്റ് പെൺകുട്ടികളെ കണ്ടെത്താൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
18 വയസ്സ് തികഞ്ഞാലുടൻ എല്ലാ സ്വാതന്ത്ര്യവും നൽകുന്നതിന് മുമ്പ് മാതാപിതാക്കൾ കുട്ടികൾക്ക് മാർഗനിർദേശവും ആവശ്യമെങ്കിൽ കൗൺസിലിംഗും നൽകണം. തനിക്കും മകൾക്കും സംഭവിച്ചത് മറ്റാർക്കും സംഭവിക്കാതിരിക്കാനാണ് ഇങ്ങനെ പറയുന്നത്. താൻ മുതിർന്ന പൗരയാണെന്നും അഫ്താബിനൊപ്പം താമസിക്കാൻ ആഗ്രഹിക്കുന്നുവെന്നും വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നതിന് മുമ്പ് ശ്രദ്ധ പറഞ്ഞിരുന്നു.
“2021ൽ ഞാൻ ശ്രദ്ധയുമായി സംസാരിച്ചപ്പോൾ, അവൾ ബാംഗ്ലൂരിൽ ഉണ്ടായിരുന്നു. സഹോദരൻ സുഖമായിരിക്കുന്നോ എന്ന് ചോദിച്ചു. അഫ്താബിന്റെ പീഡനത്തിൽ നിന്ന് രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും അയാള്‍ അടച്ചിട്ടുണ്ടാവുമെന്ന് ഞാൻ കരുതുന്നു,” വികാസ് മാധ്യമങ്ങളോട് പറഞ്ഞു.