Spread the love

മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെയാണ് ആക്രമണം നടന്നത്. പോലീസുകാരുടെ മനോവീര്യം തകർക്കുകയാണ് മുഖ്യമന്ത്രി. താനാണ് കേരളം ഭരിച്ചിരുന്നതെങ്കിൽ ഇങ്ങനെയൊരു സംഭവം ഉണ്ടാകുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

“പോലീസ് സംവിധാനത്തിന്റെ സമ്പൂർണ്ണ പരാജയമാണ് ഇത് കാണിക്കുന്നത്. ഒരു മനുഷ്യൻ വന്ന് ഒരു ബോംബ് എറിഞ്ഞ് തിരികെ പോകുന്നു. പോലീസ് സംവിധാനത്തിന് ഒരു വിവരവും ലഭിക്കുന്നില്ല. അക്രമിയെ പിടികൂടാനായില്ല. സെക്രട്ടേറിയറ്റിന്റെ മീറ്ററുകൾക്കപ്പുറം അത്തരമൊരു സംഭവം നടക്കുമ്പോൾ കേരളത്തിന്റെ പോലീസ് സംവിധാനം സമ്പൂർണ പരാജയമാണെന്നാണ് വ്യക്തമാകുന്നത്. ഭരണകക്ഷിക്ക് അതിന്റെ പാർട്ടി ഓഫീസിനെ പോലും സംരക്ഷിക്കാൻ കഴിയാത്ത ഒരു ഭരണസംവിധാനം, ആ ഭരണസംവിധാനം ജനങ്ങൾക്ക് എങ്ങനെ സംരക്ഷണം നൽകും?

ഗുജറാത്ത് കലാപം തടയാൻ നരേന്ദ്ര മോദിക്ക് കഴിഞ്ഞില്ലെന്നും രാജ്യത്തെ ക്രമസമാധാന നില നിലനിർത്തുന്നതിൽ യോഗി ആദിത്യനാഥ് പരാജയപ്പെട്ടുവെന്നും പറഞ്ഞ് ജനങ്ങൾക്കായി ക്ലാസുകൾ എടുക്കുന്നവരാണ് ഇവർ. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. വകുപ്പ് മറ്റൊരാൾക്ക് കൈമാറണം. കേരള ജനതയ്ക്ക് വഴി നടക്കാൻ കഴിയുന്നില്ല. ജനങ്ങൾക്ക് സമാധാനം വേണം. പൊലീസ് കേസ് അന്വേഷിച്ച് നടപടിയെടുക്കണം. ഞാൻ കേരളം ഭരിച്ചിരുന്നെങ്കിൽ ഇങ്ങനെയൊരു സംഭവം ഉണ്ടാകുമായിരുന്നില്ല” മുരളീധരൻ പറഞ്ഞു.

By newsten