Spread the love

തിരുവനന്തപുരം: കുഴിമന്തിയെ ചൊല്ലി പുതിയ വിവാദം. നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് വിവാദമാകുന്നത്. ഒരു ദിവസത്തേക്ക് തന്നെ കേരളത്തിലെ ഏകാധിപതിയായി അവരോധിച്ചാല്‍ കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും നിരോധിക്കുമെന്നാണ് ശ്രീരാമന്റെ പോസ്റ്റില്‍ പറയുന്നത്. മലയാള ഭാഷയെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അതെന്നാണ് അദ്ദേഹം പറയുന്നത്. ഈ കുറിപ്പിനെ പിന്തുണച്ച് ഇടത് ചിന്തകൻ സുനില്‍ പി ഇളയിടവും രംഗത്തെത്തിയിട്ടുണ്ട്.

വി കെ ശ്രീരാമന്‍റെ കുറിപ്പിനെതിരെ വലിയ വിമര്‍ശനമാണ് പല മേഖലകളിൽ നിന്നായി ഉയരുന്നത്. ശ്രീരാമന്‍റെ കുറിപ്പിന് ഇമോജിയിലൂടെ പിന്തുണ അറിയിക്കുകയാണ് സുനില്‍ പി ഇളയിടം ചെയ്തത്. കുഴിമന്തി എന്നു കേൾക്കുമ്പോൾ പെരുച്ചാഴിയെ പോലെയുള്ള തൊരപ്പൻ ജീവിയെ ഓർമ വരുമെന്നാണ് പോസ്റ്റിനു താഴെ എഴുത്തുകാരിയായ എസ് ശാരദകുട്ടി പ്രതികരിച്ചത്. 

തികഞ്ഞ ബ്രാഹ്മണ ബോധമാണ് ഇത്തരം ചിന്തയ്ക്ക് പിന്നിലെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന മറ്റൊരു വിമര്‍ശനം.’തനിക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങൾ നിരോധിക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്ക ബുദ്ധിജീവികളും’ എന്നാണ് പോസ്റ്റിന് മറുപടിയായി വന്ന ഒരു കമന്‍റ്.

By newsten