ഫ്ലോറിഡ: അമേരിക്കയിൽ ആഞ്ഞടിച്ച ഇയാൻ ചുഴലിക്കാറ്റിനെ തുടർന്ന് ഫ്ലോറിഡയിൽ മരിച്ചവരുടെ എണ്ണം 40 കടന്നു. അമേരിക്കയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിലൊന്നാണ് ഇയാൻ എന്നാണ് റിപ്പോർട്ടുകൾ. ഫ്ലോറിഡയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് വീശിയടിച്ച ചുഴലിക്കാറ്റിനെ അതിജീവിച്ചവർക്കായി രക്ഷാപ്രവർത്തകർ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ചയുണ്ടായ ചുഴലിക്കാറ്റിൽ വീടുകൾ, റെസ്റ്റോറന്‍റുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലീ കൗണ്ടിയിൽ മാത്രം 35 പേരാണ് മരിച്ചത്. നോർത്ത് കരോലിനയിൽ നാല് പേർ മരിച്ചു. പ്രസിഡന്‍റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ബുധനാഴ്ച ഫ്ലോറിഡ സന്ദർശിക്കും. അതേസമയം, ഫിയോന ചുഴലിക്കാറ്റിൽ തകർന്ന പ്യൂർട്ടോ റിക്കോ സന്ദർശിച്ച ശേഷമാകും തിങ്കളാഴ്ച അദ്ദേഹം ഫ്ലോറിഡയിലേക്ക് പോകുക. കഴിഞ്ഞ മാസമാണ് ഫിയോന അമേരിക്കയിൽ ആഞ്ഞടിച്ചത്.
വൈദ്യുതിയും ഫോൺ ബന്ധവും പൂർണ്ണമായും തകരാറിലായി. ഫ്ലോറിഡയിൽ 9,00,000 പേർക്ക് വൈദ്യുതി ലഭ്യമല്ല. വിർജീനിയയിലും നോർത്ത് കരോലിനയിലുമായി 45,000 പേർക്ക് വൈദ്യുതി ലഭ്യമല്ലെന്നാണ് റിപ്പോർട്ടുകൾ. രണ്ട് പാലങ്ങൾ തകർന്നതായും വീടുകളിൽ വെള്ളം കയറിയതായും റിപ്പോർട്ടുണ്ട് . ചുഴലിക്കാറ്റിനെ തുടർന്ന് ബോട്ട് മുങ്ങി 16 കുടിയേറ്റക്കാരെ കാണാതായതായി യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഒമ്പത് പേരെ രക്ഷപ്പെടുത്തി.