ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷനാകാൻ തയ്യാറാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പാർട്ടി അധ്യക്ഷനാകാൻ ആവശ്യപ്പെട്ടാൽ എതിർക്കില്ല. എന്നാൽ പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ ഒരിക്കൽ കൂടി രാഹുലിനോട് ആവശ്യപ്പെടും. രാഹുൽ അധ്യക്ഷനെന്ന നിലയിൽ ജോഡോ യാത്രയ്ക്ക് നേതൃത്വം നൽകിയാൽ ഫലം മറ്റൊന്നായിരിക്കുമെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.
ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വന്നാൽ രാജസ്ഥാനിൽ പകരം സംവിധാനം ഉണ്ടാകുമെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ അറിയിച്ചു. സോണിയാ ഗാന്ധി തന്നെ ഇക്കാര്യം അശോക് ഗെഹ്ലോട്ടിനെ അറിയിക്കും.
പാർട്ടി അധ്യക്ഷനാകണമെങ്കിൽ തന്റെ വിശ്വസ്തനെ മുഖ്യമന്ത്രിയാക്കണമെന്നാണ് അശോക് ഗെഹ്ലോട്ടിന്റെ ആവശ്യം. സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് അശോക് ഗെഹ്ലോട്ട് നൽകുന്നത്. എന്നാൽ ഗെഹ്ലോട്ട് അധ്യക്ഷനാകുകയും സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കുകയും ചെയ്താൽ രാജസ്ഥാൻ കോൺഗ്രസിലെ പ്രശ്നങ്ങൾ വീണ്ടും വഷളാകുമെന്ന് ഉറപ്പാണ്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കൊപ്പം സച്ചിൻ പൈലറ്റ് ഇപ്പോൾ കൊച്ചിയിലാണ്.