വളരെ വൈകാരികമായ അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ നാം കാണാറുണ്ട്. അവയിൽ ചിലതെല്ലാം നമ്മുടെ കണ്ണുകളെ ഈറനണിയിക്കുമെന്നതിൽ സംശയമില്ല. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്. 35 വർഷങ്ങൾക്ക് ശേഷം തന്റെ അമ്മയുടെ ശബ്ദം കേൾക്കുന്ന മകന്റെ ദൃശ്യങ്ങളാണ് കാഴ്ചക്കാരുടെ മനസ്സ് നിറക്കുന്നത്.
നീണ്ട വർഷങ്ങൾക്ക് ശേഷം അമ്മയുടെ ശബ്ദം കേട്ട് യുവാവ് കരയുന്നതും വീഡിയോയിൽ കാണാം. ഗുഡ് ന്യൂസ് മൂവ്മെന്‍റിന്‍റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എഡ്വാർഡോ എന്ന യുവാവിന് രണ്ട് വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് മെനിഞ്ചൈറ്റിസ് എന്ന രോഗം ബാധിച്ച് ഇരുചെവികളുടെയും കേൾവിശക്തി നഷ്ടമാകുന്നത്.
വീഡിയോയിൽ യുവാവിന്റെ അടുത്ത് അദ്ദേഹത്തിന്റെ അമ്മ ഇരിക്കുന്നതായി കാണാം.അവർ മകന്റെ പേര് ആവർത്തിച്ചു വിളിക്കുന്നു. നിറ കണ്ണുകളോടെ എനിക്ക് അമ്മയുടെ ശബ്ദം കേൾക്കാം എന്ന് യുവാവ് ആംഗ്യ ഭാഷയിലൂടെ വ്യക്തമാക്കുന്നു. വികാരനിർഭരമായ നിമിഷത്തിൽ അടുത്ത് നിന്നിരുന്ന കുടുംബാംഗങ്ങളുടെയും മിഴികൾ നിറഞ്ഞു.