രാജ്യത്തെ രണ്ടാമത്തെ ഹൈഡ്രജൻ കാർ തിരുവനന്തപുരത്ത് എത്തി. ഒരു തവണ ഹൈഡ്രജൻ ഇന്ധനം നിറച്ചുകഴിഞ്ഞാൽ,ഈ കാറിൽ 650 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയും. ഹൈഡ്രജൻ കാറുകളുടെ പരീക്ഷണങ്ങൾക്കും പഠനങ്ങൾക്കുമായി സംസ്ഥാന സർക്കാരാണ് പുതിയ കാർ തലസ്ഥാനത്ത് എത്തിച്ചത്.
ജപ്പാനിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന മൂന്ന് ഹൈഡ്രജൻ കാറുകളിൽ ഒന്നാണിത്. തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കാർ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്തു.
വരും വർഷങ്ങളിൽ ഹൈഡ്രജൻ കാറുകൾ റോഡുകൾ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ പ്രായോഗിക വശങ്ങൾ പഠിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ കാർ കേരളത്തിലെത്തിച്ചത്.