കണ്ണൂര്‍: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ സംസ്കാരം നടന്ന പയ്യാമ്പലത്തേക്ക് ഒഴുകിയെത്തി ജനങ്ങൾ. ഇന്ന് വൈകുന്നേരവും പയ്യാമ്പലത്ത് കോടിയേരി ഉറങ്ങുന്ന മണ്ണിലേക്ക് സി.പി.എം പ്രവർത്തകരും നാട്ടുകാരും എത്തിയിരുന്നു. നിരവധി പേരാണ് കോടിയേരിയുടെ വീട് സന്ദർശിക്കുന്നത്. സംസ്ഥാന സമ്മേളനമായതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന സി.പി.ഐ മന്ത്രിമാർ ഇന്ന് കോടിയേരിയുടെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടു.
പ്രിയ നേതാവിന്‍റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ പയ്യാമ്പലത്ത് എത്തിയിരുന്നു. സംസ്കാരച്ചടങ്ങിനിടെ പയ്യാമ്പലത്ത് സ്ഥലപരിമിതി കാരണം ഇന്നലെ പൊലീസ് പ്രവർത്തകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സംസ്കാര വേളയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ രാത്രിയോടെ പിൻവലിക്കുകയും ചെയ്തു. ചിതയുടെ പരിസരത്തേക്ക് ആളുകളെ പ്രവേശിപ്പിക്കാൻ അനുവദിച്ചതോടെ ആളുകൾ പ്രദേശത്തേക്ക് എത്തിത്തുടങ്ങി.
പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാൻ കഴിയാത്തവരാണ് രാവിലെ മുതൽ പയ്യാമ്പലത്തും വീട്ടിലും എത്തുന്നത്. കോടിയേരി ബാലകൃഷ്ണന് വികാര നിർഭരമായ യാത്രയയപ്പാണ് ഇന്നലെ കേരളം നൽകിയത്. ഇ കെ നായനാരുടെയും ചടയൻ ഗോവിന്ദന്‍റെയും സ്മൃതി കുടീരങ്ങൾക്ക് നടുവിലാണ് കോടിയേരിക്ക് ചിത ഒരുക്കിയത്.