കണ്ണൂര്‍: ചരിത്ര കോണ്‍ഗ്രസില്‍ അപായപ്പെടുത്താന്‍ ശ്രമമുണ്ടായെന്ന ഗവണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം തള്ളി സംഘാടകസമിതി സെക്രട്ടറി ഡോ. പി.മോഹന്‍ദാസ്. വേദിയില്‍ ഗവര്‍ണര്‍ക്ക് മതിയായ സുരക്ഷ നല്‍കിയിരുന്നു. ഇതിനുവേണ്ടി മാത്രം സര്‍വകലാശാല 8 ലക്ഷം രൂപയാണ് അധികം ചെലവിട്ടതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ പ്രശ്നങ്ങളെക്കുറിച്ചുള്ള ഗവര്‍ണറുടെ പരാമര്‍ശത്തിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.
ഇത് ആസൂത്രിതമായിരുന്നില്ല. ആസൂത്രിതമായിരുന്നെങ്കില്‍ അവര്‍ ഒരു കരിങ്കൊടിയെങ്കിലും കരുതുമായിരുന്നെന്ന് ഡോ. മോഹന്‍ദാസ് പറഞ്ഞു. പ്രതിഷേധിച്ച ജെഎന്‍യു വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. താനും വൈസ് ചാന്‍സലറും ചേര്‍ന്നാണ് ഇര്‍ഫാന്‍ ഹബീബിനെ തടഞ്ഞത്. ഇര്‍ഫാന്റെ ലക്ഷ്യം ഗവര്‍ണറെ ആക്രമിക്കുകയായിരുന്നില്ല. ഇര്‍ഫാന്‍ ഹബീബും ഗവര്‍ണറും സുഹൃത്തുക്കളാണെന്നും മോഹന്‍ദാസ് ചൂണ്ടിക്കാട്ടി.