കരിംഗഞ്ച് (അസം): ജനസംഖ്യ വര്‍ധിപ്പിക്കുന്ന കാര്യത്തിൽ ഹിന്ദുക്കൾ മുസ്ലീങ്ങളുടെ രീതി പിന്തുടരണമെന്ന് അസമിലെ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐഡിയുഎഫ്) നേതാവ് ബദറുദ്ദീൻ അജ്മൽ. ചെറുപ്രായത്തിൽ തന്നെ ഹിന്ദുക്കൾ തങ്ങളുടെ കുട്ടികളെ വിവാഹം കഴിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശ്രദ്ധ വാൽക്കർ കൊലപാതകവുമായി ബന്ധപ്പെട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ‘ലൗ ജിഹാദ്’ പരാമർശത്തോട് പ്രതികരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്.
മുസ്ലിം പുരുഷൻമാർ 20 നും 22 നും ഇടയിലും മുസ്ലീം സ്ത്രീകൾ നിയമപ്രകാരം 18 വയസിന് ശേഷവും വിവാഹിതരാകുന്നു. അതേസമയം, വിവാഹത്തിന് മുമ്പ് തന്നെ ഹിന്ദുക്കൾ രണ്ടോ മൂന്നോ സ്ത്രീകളുമായി നിയമവിരുദ്ധ ബന്ധം സ്ഥാപിക്കുന്നുവെന്ന് അജ്മൽ ആരോപിച്ചു. കുട്ടികൾക്ക് ജൻമം നൽകാതെ അവർ ആനന്ദിച്ച് നടന്ന് പണം ലാഭിക്കുന്നു. തുടർന്ന് മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി 40 വയസിന് ശേഷം വിവാഹിതരാകുന്നു. ഈ പ്രായത്തിൽ കുട്ടികളുണ്ടാകുമെന്ന് നിങ്ങൾക്ക് എങ്ങനെ പ്രതീക്ഷിക്കാൻ ആകും?
ഫലഭൂയിഷ്ഠമായ ഭൂമിയിൽ വിതയ്ക്കുന്നതിലൂടെ മാത്രമേ നല്ല വിളകൾ ലഭിക്കുകയുള്ളൂ. ഇക്കാര്യത്തിൽ ഹിന്ദുക്കൾ മുസ്ലീങ്ങളുടെ മാതൃക പിന്തുടരണം. കുട്ടികളെ ചെറുപ്രായത്തിൽ തന്നെ വിവാഹം കഴിപ്പിക്കണം. അപ്പോൾ അറിയാം എത്ര കുട്ടികൾ ജനിക്കുമെന്ന് എന്നും ബദറുദ്ദീൻ പറഞ്ഞു.