Spread the love

കൊച്ചി: ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോലീസുകാർ മിക്ക സമയത്തും മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുകയാണെന്നും ഇത് കർശനമായി തടയണമെന്നും ഹൈക്കോടതി. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ട്രാഫിക് ഡ്യൂട്ടി സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ജസ്റ്റിസ് അമിത് റാവൽ ഉത്തരവിട്ടു.

പോലീസുകാർ മൊബൈൽ ഫോണിൽ നോക്കിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ഫോട്ടോയെടുത്ത് ടോൾ ഫ്രീ നമ്പറുകളിലേക്ക് അയയ്ക്കാം. ഇതിനായി വാട്ട്സ്ആപ്പ് സൗകര്യമുള്ള രണ്ട് ടോൾ ഫ്രീ നമ്പറുകൾ നൽകണമെന്നും നിർദ്ദേശമുണ്ട്. കൊച്ചി നഗരത്തിലെ ഗതാഗത, പാർക്കിംഗ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികളിലാണ് കോടതിയുടെ ഉത്തരവ്.

ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസുകാർ മൊബൈൽ ഫോണുകൾ നോക്കുന്നത് സ്ഥിരം കാഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു. നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിന് മറ്റ് ചില നിർദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

By newsten