മുംബൈ : മഹാരാഷ്ട്രയിലും ഗുജറാത്തിലും കനത്ത മഴ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി കനത്ത മഴയിൽ ആറ് പേർക്കാണ് ജീവൻ നഷ്ടമായത്. രണ്ട് പേരെ കാണാതായി. കനത്ത മഴയെ തുടർന്ന് മരിച്ചവരുടെ എണ്ണം 83 ആയി. 95 പേരെ മാറ്റിപ്പാർപ്പിച്ചു.
ഇതുവരെ 353 പേരെ മാറ്റിപ്പാർപ്പിച്ചു. ഘാട്ചരോളിയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. വടക്കൻ മഹാരാഷ്ട്രയിലെ നാസിക്കിൽ സ്കൂളുകളും കോളേജുകളും അടച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാരോടും വ്യാപാരികളോടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗുജറാത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് പേർ കൂടി മരിച്ചു. 30,000 ത്തോളം പേരെ അപകടമേഖലകളിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. 20,000ത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 18 സംഘങ്ങളെ സംസ്ഥാനത്ത് രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. തെക്കൻ, മധ്യ ഗുജറാത്ത് ജില്ലകൾക്ക് പിന്നാലെ രാജ്കോട്ട്, കച്ച് എന്നിവിടങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്. രാജ്കോട്ടിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞ് വീണ് നാല് കുട്ടികൾക്ക് പരിക്കേറ്റു.