ഡൽഹി: ഗുജറാത്തിൽ കനത്ത മഴ തുടരുകയാണ്. മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഗുജറാത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഗുജറാത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.
ഡാമുകളും നദികളും കരകവിഞ്ഞൊഴുകുകയും റോഡുകളിലും വീടുകളിലും വെള്ളം കയറുകയും ചെയ്തു. അതേസമയം സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുകയാണ്. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ പല ജില്ലകളിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇടിമിന്നലും മുങ്ങിമരിച്ചും കെട്ടിടം തകർന്നുമാണ് കൂടുതൽ മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂൺ ഒന്ന് മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ മരണസംഖ്യ 63 ആയി മാറിയെന്ന് സംസ്ഥാന ദുരന്ത നിവാരണ മന്ത്രി രാജേന്ദ്ര ത്രിവേദി പറഞ്ഞു. ഈ സാഹചര്യം കണക്കിലെടുത്ത് 9,000 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 468 പേരെ മോശം അവസ്ഥയിൽ നിന്ന് രക്ഷപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.