Spread the love

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ പരക്കെ മഴ പെയ്യുമെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ പെയ്യുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) പ്രവചിച്ചിട്ടുണ്ട്. വടക്കൻ ഒഡീഷയിലും സമീപ പ്രദേശങ്ങളിലും ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഗുജറാത്ത് തീരത്തും പുറത്തും ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. മണ്‍സൂണ്‍ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമാണ്, ജൂലൈ 17 മുതൽ ഇത് വടക്കോട്ട് നീങ്ങാൻ സാധ്യതയുണ്ട്.

ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും,മറ്റന്നാൾ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, ശനിയാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴയാണ് ലഭിച്ചത്.

By newsten