തിരുവനന്തപുരം: ഇന്ന് രാത്രി മുതൽ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ‘ഇന്ന് പലയിടത്തും മണ്ണിടിച്ചിലും വെള്ളക്കെട്ടും ഉണ്ടായിട്ടുണ്ട്. പക്ഷേ, കാര്യങ്ങൾ നിയന്ത്രണവിധേയമാണ്. ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ശബരിമല തീർത്ഥാടകർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട് ‘ മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ 95 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 2,291 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തൃശൂരിലാണ് കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിച്ചത്. ഇവിടെ 657 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കോട്ടയത്താണ് ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്. 447 പേരെ 21 ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തിരുവനന്തപുരം ജില്ലയിൽ രണ്ട് ക്യാമ്പുകളിലായി 30 പേരെയും പത്തനംതിട്ടയിൽ 25 ക്യാമ്പുകളിലായി 391 പേരെയും ആലപ്പുഴയിൽ 58 പേരെയും അഞ്ച് ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇടുക്കിയിലെ ഏഴ് ക്യാമ്പുകളിലായി 118 പേരും എറണാകുളത്ത് 11 ക്യാമ്പുകളിലായി 467 പേരുമാണ് കഴിയുന്നത്. പാലക്കാട്ട് ഒരു ക്യാമ്പിൽ 25 പേരും മലപ്പുറത്ത് രണ്ട് ക്യാമ്പുകളിലായി എട്ട് പേരും വയനാട്ടിൽ മൂന്ന് ക്യാമ്പുകളിലായി 38 പേരും കണ്ണൂരിൽ മൂന്ന് ക്യാമ്പുകളിലായി 52 പേരുമാണുള്ളത്.
ക്യാമ്പുകളുടെ പ്രവർത്തനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തണമെന്നാണ് നിർദേശം. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, പ്രത്യേക പരിഗണന അർഹിക്കുന്നവർ എന്നിവർക്ക് സൗകര്യങ്ങൾ ഒരുക്കാനും നിർദേശം നൽകി.