കനത്ത മഴയിൽ ഡൽഹിയിൽ വ്യാപക നാശനഷ്ടമുണ്ടായി. രണ്ട് പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ഒരാൾ ഡൽഹിയിലെ ജുമാമസ്ജിദ് പ്രദേശത്തെ 50 വയസുകാരനാണ്. വീടിന്റെ മേൽക്കൂര തകർന്നാണ് അപകടമുണ്ടായത്. വടക്കൻ ഡൽഹിയിൽ 65കാരൻ കൂടി മരിച്ചു. കനത്ത മഴയിലും ഇടിമിന്നലിലും ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ജുമാമസ്ജിദിന്റെ താഴികക്കുടവും തകർന്നു. രണ്ടോ മൂന്നോ പേർക്ക് പരിക്കേറ്റു. തകർന്ന ഭാഗം താഴെയിറക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്ഐ) കത്തെഴുതുമെന്ന് ജുമാ മസ്ജിദ് ഷാഹി ഇമാം സയ്യിദ് അഹ്മദ് ബുഖാരി പറഞ്ഞു.
ജുമാമസ്ജിദിന്റെ മൂന്ന് താഴികക്കുടങ്ങളിൽ, മധ്യ താഴികക്കുടത്തിന്റെ മുകളിൽ പിച്ചള ലോഹം തകർന്ന് നിലത്ത് വീണു. ഒരു ഭാഗം ഇപ്പോഴും മുകളിൽ കുടുങ്ങിക്കിടക്കുന്നു. ഇത് താഴെയിറക്കിയില്ലെങ്കിൽ അത് അപകടങ്ങൾക്ക് കാരണമാകും. മിനാരത്തിൽ നിന്നും പള്ളിയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും കല്ലുകൾ വീണ് രണ്ട് പേർക്ക് പരിക്കേറ്റതായി ജുമാമസ്ജിദ് ഷാഹി ഇമാം സയ്യിദ് അഹ്മദ് ബുഖാരി പറഞ്ഞു. ജുമാ മസ്ജിദ് പരിശോധിച്ച് നാശനഷ്ടങ്ങൾ വിലയിരുത്താൻ ഒരു സംഘത്തെ അയച്ചതായി ഡൽഹി വഖഫ് ബോർഡ് അധികൃതർ പറഞ്ഞു.