മലപ്പുറം: മലപ്പുറം ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടം തുടരുന്നു. ഒരു വീട് പൂർണ്ണമായും 20 വീടുകൾ ഭാഗികമായും തകർന്നു. മലപ്പുറം കോട്ടക്കുന്നിൽ നിന്ന് എട്ട് കുടുംബങ്ങളെ ടൗൺ ഹാളിലേക്ക് മാറ്റിയതോടെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം മൂന്നായി. അരീക്കോട് വില്ലേജിൽ കോടമ്പാട്ട് മുണ്ടിക്കുട്ടിയുടെ വീട് പൂർണമായും തകർന്നു. നിലമ്പൂർ താലൂക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്.
നിലമ്പൂരിൽ ഒരു വീടിന്‍റെ മതിൽ റോഡിലേക്ക് ഇടിഞ്ഞുവീണു. സമീപത്തെ വീടും ഭീഷണിയിലാണ്. കൊണ്ടോട്ടി താലൂക്കിലെ ഒരു വീട്ടിൽ വെള്ളം കയറി. മഞ്ചേരി ബൈപ്പാസിൽ റോഡിൽ മണ്ണിടിഞ്ഞു. വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഇന്നലെ രാവിലെ 8 മണി വരെ ശരാശരി 4.66 സെന്‍റീമീറ്റർ മഴയാണ് ലഭിച്ചത്. പെരിന്തൽമണ്ണ, നിലമ്പൂർ, ഏറനാട് താലൂക്കുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്.