Spread the love

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. യു.എ.ഇയിൽ നിന്ന് മടങ്ങിയെത്തിയ മലപ്പുറം സ്വദേശിക്ക് കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കി.

സംസ്ഥാനത്ത് ഇതുവരെ അഞ്ച് പേർക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. വ്യാപന നിരക്ക് വളരെ കുറവാണെന്ന വിലയിരുത്തൽ നടക്കുമ്പോഴും കുരങ്ങുപനിയിൽ സർക്കാർ ജാഗ്രത ശക്തമാക്കുകയാണ്. രോഗലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി ഇയാളുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കി നിലവിൽ ചികിത്സയിലുള്ള മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

ആദ്യം രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിയെ ഡിസ്ചാർജ് ചെയ്തു. തൃശൂരിൽ കുരങ്ങുപനി ബാധിച്ച് യുവാവ് മരിച്ച പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് വരുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.

By newsten