കൊച്ചി: തലാഖ് ചൊല്ലിയ ഭർത്താവിനോട് 31,98,000 രൂപ ജീവനാംശമായി നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. കേരളത്തിൽ ആദ്യമായാണ് ഇത്രയും ഉയർന്ന തുക നഷ്ടപരിഹാരം നൽകാൻ കോടതി നിർദേശം നൽകുന്നത്. നഷ്ടപരിഹാരം നൽകണമെന്ന കളമശ്ശേരി മജിസ്ട്രേറ്റ് കോടതി വിധി ഹൈക്കോടതി ശരിവച്ചു. എറണാകുളം പള്ളിക്കര സ്വദേശി ഷിഹാബാണ് നഷ്ടപരിഹാരം നൽകേണ്ടത്. വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവിന് പ്രതിമാസം രണ്ട് ലക്ഷം രൂപ ശമ്പളമുണ്ടെന്നും അതനുസരിച്ച് നഷ്ടപരിഹാരം നൽകണമെന്നും ഭാര്യ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം, മുസ്ലിം സമുദായത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹങ്ങളെ വ്യക്തിനിയമപ്രകാരം പോക്സോ നിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് കേരള ഹൈക്കോടതി ഇന്നലെ വിധിച്ചിരുന്നു. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ പോക്സോ കുറ്റം ചുമത്താമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു. പോക്സോ കേസിൽ ജാമ്യം തേടി തിരുവല്ല സ്വദേശിയായ മുസ്ലീം മതവിഭാഗത്തിൽപ്പെട്ട മുപ്പത്തിയൊന്നുകാരൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.