ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയതിന് ബിജെപി നേതാക്കളായ നൂപുർ ശർമ, നവീൻ കുമാർ ജിൻഡാൽ എന്നിവർക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു. ഇരുവരെയും ബിജെപി നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു. ക്രമസമാധാനം തകർക്കുന്ന തരത്തിൽ വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനാണ് നടപടി. സ്പെഷ്യൽ സെല്ലിലെ ഇൻറലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (ഐ.എസ്.എസ്.ഒ) ആണ് കേസ് രജിസ്റ്റർ ചെയ്തത്. നൂപുർ, നവീൻ കുമാർ എന്നിവർക്ക് പുറമെ സമാധാന പാർട്ടി വക്താവ് ഷദാബ് ചൗഹാൻ, മാധ്യമപ്രവർത്തകൻ സഭ നഖ്വി, ഹിന്ദു മഹാസഭ നേതാവ് പൂജ ശകുൻ പാണ്ഡെ, രാജസ്ഥാനിൽ നിന്നുള്ള മൗലാന മുഫ്തി നദീം, അബ്ദുർ റഹ്മാൻ, അനിൽ കുമാർ മീന, ഗുൽസാർ അൻസാരി എന്നിവർക്കെതിരെയാണ് കേസ്. നൂപുർ ശർമയ്ക്കെതിരായ രണ്ടാമത്തെ കേസാണിത്. സോഷ്യൽ മീഡിയയിൽ അസ്വസ്ഥത സൃഷ്ടിക്കാൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും അന്വേഷണം നടക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് കെ.പി.എസ്. മൽഹോത്ര പ്രതികരിച്ചു. മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും പരാമർശങ്ങൾ പിന്വലിക്കുകയാണെന്നും നൂപുർ ശർമ്മ നേരത്തെ പറഞ്ഞിരുന്നു.