അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്. 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലായി 788 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ടം ഡിസംബർ അഞ്ചിന് നടക്കും. വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും.
ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇസുദാൻ ഗദ്‌വി മത്സരിക്കുന്ന മണ്ഡലമാണ് ഖംബാലിയ. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന ജാംനഗറിലും ഇന്ന് വോട്ടെടുപ്പ് നടക്കും. 140 പേർ മരണപ്പെട്ട തൂക്കുപാല ദുരന്തമുണ്ടായ മോർബിയിലും വോട്ടെടുപ്പ് നടക്കും. പ്രതിപക്ഷമായ കോൺഗ്രസിന് വലിയ പ്രതീക്ഷയുള്ള സൗരാഷ്ട്ര-കച്ച് മേഖലയും ആദ്യ ഘട്ടത്തിലാണ് ബൂത്തിൽ എത്തുക.
48 മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന സൗരാഷ്ട്രയിൽ കോൺഗ്രസിനും ബിജെപിക്കും ജീവൻമരണ പോരാട്ടമാണ് നടക്കുന്നത്. 2017ൽ സൗരാഷ്ട്ര-കച്ച് മേഖലയിൽ കോൺഗ്രസ് 30 സീറ്റുകളും ബിജെപി 23 സീറ്റുകളും നേടിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് സൗരാഷ്ട്രയ്ക്കായി 7,710 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തവണ പാർട്ടി പരാജയപ്പെട്ട പ്രദേശങ്ങളിൽ ഇത്തവണ പ്രധാനമന്ത്രി നേരിട്ട് പ്രചാരണം നടത്തി.