ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നൽകിയ ഗുജറാത്തിലെ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ തിരഞ്ഞെടുപ്പ് ഫലം വൈകാരികമാണ്. വികസനത്തിന്‍റെ രാഷ്ട്രീയത്തെ ഗുജറാത്തിലെ ജനങ്ങൾ അനുഗ്രഹിക്കുകയും തുടരാൻ ആഗ്രഹിക്കുകയും ചെയ്തു. ഗുജറാത്തിലെ ജനങ്ങളുടെ ശക്തിക്ക് മുന്നിൽ ഞാൻ തലകുനിക്കുന്നു. കഠിനാധ്വാനം ചെയ്ത സംസ്ഥാനത്തെ പാർട്ടി പ്രവർത്തകരാണ് യഥാർത്ഥ വിജയികൾ. പ്രവർത്തകരുടെ കഠിനാധ്വാനം ഇല്ലാതെ ഈ ചരിത്ര വിജയം നേടാൻ കഴിയുമായിരുന്നില്ല. ഹിമാചൽ പ്രദേശിലെ ജനങ്ങളുടെ പിന്തുണയ്ക്കും സ്നേഹത്തിനും ഞാൻ നന്ദി പറയുന്നു. സംസ്ഥാനത്തിന്‍റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഞങ്ങൾ പ്രവർത്തിക്കും. ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം ഹിമാചൽ പ്രദേശിലെ വൻ വിജയത്തിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജനങ്ങൾക്ക് നന്ദി പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും നന്ദി പറയുന്നു. നിങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവും അഭിനന്ദനാർഹമാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എത്രയും വേഗം നിറവേറ്റാൻ നിങ്ങൾക്ക് കഴിയുമെന്ന് എനിക്കുറപ്പുണ്ട്. ഗുജറാത്തിലെ ജനവിധി അംഗീകരിക്കുന്നുവെന്നും പാർട്ടിയെ പുനഃസംഘടിപ്പിക്കുമെന്നും രാജ്യത്തിന്‍റെ അഭിലാഷങ്ങൾക്കായി പോരാടുമെന്നും രാഹുൽ പറഞ്ഞു.
ഹിമാചൽ പ്രദേശിലെ വോട്ടർമാരോട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും നന്ദി പറഞ്ഞു. “എല്ലാ പ്രവർത്തകർക്കും നന്ദി. ദേവഭൂമിയായ ഹിമാചൽ പ്രദേശിലെ ജനങ്ങളോട് കൈകൾ കൂപ്പി നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഹിമാചൽ പ്രദേശിലെ സഹോദരീ സഹോദരൻമാർ കോൺഗ്രസിൽ വിശ്വാസം അർപ്പിച്ചതിന് അഭിനന്ദനങ്ങൾ. സംസ്ഥാനത്തെ ജനങ്ങൾക്ക് നൽകിയ പത്ത് വാഗ്ദാനങ്ങൾ നിറവേറ്റാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണ്. വിജയവും പരാജയവും ജനാധിപത്യത്തിന്റെ ഭാഗമാണ്. ഗുജറാത്തിലെ ജനവിധി അംഗീകരിക്കുന്നു. ആശയങ്ങൾ ഉപേക്ഷിക്കാതെ പോരായ്മകൾ ഇല്ലാതാക്കാൻ ഞങ്ങൾ പോരാടും”, ഖാർഗെ പറഞ്ഞു.