ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഡിസംബർ 1, 5 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഡിസംബർ എട്ടിന് ഫലം പ്രഖ്യാപിക്കും.
രണ്ട് ഘട്ടങ്ങളിലായി 182 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിൽ 89 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തിൽ 93 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. 4.9 കോടി വോട്ടർമാർക്കായി 51,782 പോളിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ 25 വർഷമായി ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാനമായിട്ടും ഇത്തവണ പാർട്ടിക്ക് ഒരുപാട് വെല്ലുവിളികളുണ്ട്. 135 പേരുടെ ജീവനെടുത്ത മോർബി തൂക്കുപാല ദുരന്തം പ്രതിപക്ഷം ഒരു പ്രധാന വിഷയമായി ഉയർത്തിയിട്ടുണ്ട്. പഞ്ചാബിന് പിന്നാലെ ഗുജറാത്ത് നിയമസഭയും ലക്ഷ്യമിടുന്ന എഎപിയുടെ സാന്നിധ്യം സംസ്ഥാനത്ത് ത്രികോണ പോരാട്ടത്തിന് വഴിവെക്കും.