അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ 28 ശതമാനവും കോടീശ്വരൻമാർ. ആകെയുള്ള 1,621 സ്ഥാനാർത്ഥികളിൽ 456 പേർ ഒരു കോടിയിലധികം രൂപയുടെ ആസ്തിയുള്ളവരാണ്.
ഇതിൽ 154 കോടിപതികളുമായി, ഏറ്റവും കൂടുതൽ കോടീശ്വരൻമാർ ഉള്ള പാർട്ടി ബി.ജെ.പിയാണ്. കോൺഗ്രസിന്റെ 142 സ്ഥാനാർത്ഥികളും ആം ആദ്മി പാർട്ടിയുടെ 62 സ്ഥാനാർത്ഥികളും കോടീശ്വരൻമാരാണ്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ട് പ്രകാരം മത്സരരംഗത്തുള്ള സ്ഥാനാർത്ഥികളുടെ ശരാശരി ആസ്തി 2.56 കോടി രൂപയാണ്.
ഗാന്ധിനഗറിലെ മൻസ സീറ്റിൽ നിന്ന് മത്സരിക്കുന്ന ബി.ജെ.പിയുടെ ജയന്തി പട്ടേലാണ് ഏറ്റവും വലിയ ധനികൻ. 661 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. സിദ്ധ്പൂരിൽ നിന്ന് മത്സരിക്കുന്ന ബി.ജെ.പിയുടെ ബൽവന്ത് രജ്പുത്താണ് രണ്ടാം സ്ഥാനത്ത്. 372 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. 342 കോടി രൂപയുടെ ആസ്തിയുമായി ദബോയിയിൽ നിന്ന് മത്സരിക്കുന്ന എഎപിയുടെ അജിത് സിംഗ് ഠാക്കൂർ മൂന്നാമത്തെ ധനികനാണ്.