Spread the love

കൊച്ചി: സിൽവർ ലൈൻ പ്രതിഷേധക്കാർക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കില്ലെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. അതേസമയം, ഡി.പി.ആറിന് കേന്ദ്രത്തിന്‍റെ അനുമതിയില്ലാത്തപ്പോൾ സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്ത് പ്രയോജനമാണുള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. എന്തിനാണ് ഇത്രയധികം പണം ചെലവഴിച്ചത്? പദ്ധതി ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു? ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാക്കിയതിന് ആരാണ് സമാധാനം പറയുക തുടങ്ങിയ ചോദ്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്.

പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾക്കായി ആവർത്തിച്ച് കത്തയച്ചിട്ടും കെ റെയിൽ കോർപ്പറേഷൻ നൽകുന്നില്ലെന്ന് കാണിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.സിൽവർ ലൈനിന്‍റെ അലൈൻമെന്‍റ്, പദ്ധതിക്കായി ഏറ്റെടുക്കേണ്ട സ്വകാര്യ ഭൂമി, റെയിൽവേ ഭൂമി മുതലായവയുടെ വിശദാംശങ്ങൾ ഇതുവരെ നൽകിയിട്ടില്ല. ഡി.പി.ആർ അപൂർണ്ണമാണെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും റെയിൽവേ കോടതിയെ അറിയിച്ചു. പദ്ധതിക്ക് കേന്ദ്രം സാമ്പത്തിക അനുമതി നൽകിയിട്ടില്ലെന്നും കെ റെയിലിന്‍റെ സാമൂഹിക ആഘാത പഠനവും ശിലാസ്ഥാപനവും നടത്തിയത് കേന്ദ്രത്തിന്‍റെ അനുമതിയില്ലാതെയാണെന്നും കേന്ദ്ര സർക്കാറും വ്യക്തമാക്കി.

By newsten