തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഗവർണറുമായി തർക്കത്തിലായ മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ പഠിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിക്കാണ് പഠനത്തിന്റെ ചുമതല നൽകിയിരിക്കുന്നത്.
ഡിസംബർ അഞ്ച് മുതൽ സംസ്ഥാന നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം ഗവർണറോട് ശുപാർശ ചെയ്തിരുന്നു. സാധാരണയായി സഭ സമ്മേളിക്കുമ്പോൾ അവസാനിപ്പിക്കേണ്ട തീയതിയും കണക്കാക്കാറുണ്ട്. എന്നാൽ ഇത്തവണ സമ്മേളനം അവസാനിക്കുന്ന തീയതി സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നാണ് വിവരം. ഗവർണറുമായുള്ള സർക്കാരിന്റെ അഭിപ്രായവ്യത്യാസവും ഇതിന് കാരണമാണ്.
സഭയുടെ ഇപ്പോള്‍ ചേരുന്ന സമ്മേളനം പൂർത്തിയായിക്കഴിഞ്ഞാൽ പുതുവർഷത്തിൽ ബജറ്റ് അവതരിപ്പിക്കുമ്പോൾ, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ വേണം ആരംഭിക്കാൻ. ഈ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെ ഡിസംബറിൽ ആരംഭിക്കുന്ന സമ്മേളനം അവസാനിപ്പിക്കാനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്നാണ് വിവരം.