തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 വയസ്സായി ഉയർത്താനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. തൽക്കാലം തുടർനടപടികൾ വേണ്ടെന്നാണ് തീരുമാനം. സംസ്ഥാന സർക്കാരിന് കീഴിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും വിരമിക്കൽ പ്രായം 58 ൽ നിന്ന് 60 ആക്കി ഉയർത്തി സർക്കാർ ശനിയാഴ്ച ഉത്തരവിറക്കിയിരുന്നു.
പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പൊതുമാനദണ്ഡം നിശ്ചയിക്കാൻ 2017 ൽ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം. എന്നാൽ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ഏറ്റവും വലിയ സ്ഥാപനങ്ങളായ കെഎസ്എഫ്ഇ, ബിവറേജസ് കോർപ്പറേഷൻ എന്നിവയുൾപ്പെടെ 122 പൊതുമേഖലാ സ്ഥാപനങ്ങളിലും ആറ് ധനകാര്യ കോർപ്പറേഷനുകളിലുമായി ഏകദേശം 1.5 ലക്ഷം ജീവനക്കാരുണ്ട്.
ചില സ്ഥാപനങ്ങളിൽ, വിരമിക്കൽ പ്രായം ഇതിനകം 60 ആണ്. വിരമിക്കൽ പ്രായം ഏകീകരിക്കുന്നുവെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കൽ പ്രായം 60 ആക്കി ഉയർത്തിയത്. പെൻഷൻ പ്രായം വർദ്ധിപ്പിക്കില്ലെന്ന നയപരമായ നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയതിന്റെ സൂചനയായാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിൽ എടുത്ത തീരുമാനം വ്യാഖ്യാനിക്കപ്പെട്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു.