തിരുവനന്തപുരം: വിഴിഞ്ഞത്ത് സർക്കാരും അദാനിയും തമ്മിൽ ധാരണയുണ്ടെന്ന് ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സൈന്യത്തെ വേണമെന്ന് അദാനി പറഞ്ഞു. എതിർപ്പില്ലെന്ന് സർക്കാർ അറിയിച്ചു. സമരം തുടങ്ങുന്നതിന് മുമ്പ് പ്രതിപക്ഷം വിഷയം സഭയിൽ ഉന്നയിച്ചു. അവരുടെ ദുരവസ്ഥ നേരിട്ട് കണ്ടതുകൊണ്ടാണ് കൈകൾ കൂപ്പി ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസത്തിന്റെ ഉത്തരവാദിത്തം സർക്കാരിനാണ്. പാക്കേജിലെ 475 കോടിയിൽ 375 കോടിയും പുനരധിവാസത്തിനാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
സേനയെ വിളിക്കാൻ അദാനി ഹൈക്കോടതിയിൽ ഹർജി നൽകി. അദാനിയുടെ ഹർജി വരുന്നതിന് മുമ്പ് ആർച്ച് ബിഷപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മത്സ്യത്തൊഴിലാളികളെ രാഷ്ട്രീയ നേതാക്കളേക്കാൾ അടുപ്പിച്ചത് സഭാ നേതാക്കളാണെന്ന് അടിയന്തര പ്രമേയ ചർച്ചയിൽ സതീശൻ പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം നിർത്തിവച്ച് പഠനം നടത്തണമെന്ന ആവശ്യത്തോട് യോജിക്കുന്നില്ല. മത്സ്യത്തൊഴിലാളികൾ മാനസികവും സാമ്പത്തികവുമായ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും വീടുകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.