തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സർക്കാർ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. വനം മന്ത്രി എ കെ ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിക്കുക. സുപ്രീം കോടതി വിധിയെ മറികടക്കാൻ നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറാവണം എന്നാണ് ആവശ്യം. സാമ്പത്തിക പ്രതിസന്ധി സഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. മാത്യു കുഴൽനാടൻ എം.എൽ.എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും.
ഈ വിഷയത്തിൽ നിയമം കൊണ്ടുവരണമെന്നാണ് സർക്കാരിന്റെ ആവശ്യം. ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതി ലോല മേഖലയാക്കുന്നതിൽ നിന്ന് കേരളത്തെ ഒഴിവാക്കണമെന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്.
സംസ്ഥാനത്തെ ജനവാസ മേഖലകളെ ബഫർ സോണിൽ ഉള്‍പ്പെടുത്തുന്ന സർക്കാർ നിലപാടാണ് സുപ്രീം കോടതി വിധിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു. യു.ഡി.എഫ്-യു.പി.എ സർക്കാർ സ്വീകരിച്ച നിലപാടാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് സർക്കാർ മറുപടി നൽകി.