കൊളംബോ: ശ്രീലങ്കയിൽ പ്രതിഷേധക്കാർ കൈയടക്കിയ പ്രധാനമന്ത്രിയുടെ ഓഫീസ് തിരിച്ചുപിടിക്കാനുള്ള സൈന്യത്തിന്റെ ശ്രമം പരാജയപ്പെട്ടു. പ്രതിഷേധക്കാർ ഇപ്പോഴും പ്രധാനമന്ത്രിയുടെ ഓഫീസിലാണ്. രാജ്യത്ത് അടിയന്തരാവസ്ഥയും കർഫ്യൂവും തുടരുകയാണ്. ഓഫീസിനുള്ളിൽ നിന്ന് പ്രതിഷേധക്കാരെ നീക്കാൻ സൈന്യം രാത്രി ഓപ്പറേഷൻ ആരംഭിച്ചെങ്കിലും കൂടുതൽ പ്രതിഷേധക്കാർ എത്തിയതോടെ പിന്മാറി. സമരം കൂടുതൽ സർക്കാർ ഓഫീസുകളിലേക്ക് വ്യാപിക്കുമെന്നാണ് സൂചന.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഗോതാബയ രാജപക്സെ മാലിദ്വീപിൽ നിന്ന് സിംഗപ്പൂരിലേക്ക് പറന്നു. മാലിദ്വീപിലെ പ്രതിപക്ഷ പാർട്ടികൾ സമരവുമായി രംഗത്തെത്തിയതാണ് കാരണം. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 13 അംഗ സംഘത്തോടൊപ്പമാണ് യാത്ര. പ്രധാനമന്ത്രിയുടെ ഓഫീസ് പിടിച്ചടക്കിയ പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാ സേനയുടെ കണ്ണീർ വാതക ആക്രമണത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി.
പ്രസിഡന്റ് ഗോതാബയ രാജപക്സെ രാജിവയ്ക്കാതെ രാജ്യം വിട്ടതോടെ ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ രാഷ്ട്രീയ പ്രതിസന്ധിയും കടുത്തു. പ്രസിഡന്റ് മാലിദ്വീപിലേക്ക് പോയതിന് പിന്നാലെ പ്രതിഷേധക്കാർ പ്രതിഷേധം ശക്തമാക്കി. ആയിരക്കണക്കിന് ആളുകളാണ് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ ഓഫീസ് ആക്രമിക്കുകയും അദ്ദേഹത്തിന്റെ വസതി പിടിച്ചെടുക്കുകയും ചെയ്തത്.