കൊച്ചി: ശശി തരൂരിനെച്ചൊല്ലിയുള്ള കോൺഗ്രസിലെ പ്രശ്നങ്ങൾ അവസാനിക്കുന്നു. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും തമ്മില്‍ ഒരു പ്രശ്നവുമില്ലെന്നും പ്രൊഫഷണൽ കോൺഗ്രസ് കോൺക്ലേവില്‍ പങ്കെടുക്കാൻ കൊച്ചിയിലെത്തിയ തരൂർ പറഞ്ഞു. പ്രസിഡന്‍റിന്‍റെ അസാന്നിധ്യത്തിന് വിവാദവുമായി യാതൊരു ബന്ധവുമില്ലെന്നും ആരോഗ്യപരമായ കാരണങ്ങളാലാണ് പങ്കെടുക്കാത്തതെന്നും കെ.പി.സി.സി പ്രഫഷണൽ കോൺഗ്രസ് കോൺക്ലേവിൽ ശശി തരൂർ പറഞ്ഞു. അതേസമയം, കെ സുധാകരൻ ഓൺലൈനായി സമ്മേളനം ഉദ്ഘാടനം ചെയ്തു.
കെ സുധാകരനുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും തമ്മിൽ ഒരു പ്രശ്നവുമില്ലെന്നും തരൂർ പറഞ്ഞു. സുധാകരന്‍റെ ആരോഗ്യം മെച്ചപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്‍റെ ഭാഗത്ത് നിന്ന് ഒരു വിവാദമോ നീരസമോ ആരോപണങ്ങളോ ഉണ്ടായിട്ടില്ല. പാർട്ടി കീഴ്‌വഴക്കം ലംഘിച്ചിട്ടില്ല. തെറ്റ് ഉണ്ടെങ്കിൽ മാത്രമേ നോട്ടീസ് നല്‍കേണ്ടതുള്ളൂ. തനിക്ക് ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും തരൂർ പറഞ്ഞു.
വിവാദങ്ങളെക്കുറിച്ച് ഒന്നും പറയാതെയായിരുന്നു സുധാകരന്‍റെ പ്രസംഗം. മാറുന്ന രാഷ്ട്രീയത്തിൽ പ്രൊഫഷണലുകളുടെ ലോകവീക്ഷണം ആവശ്യമാണെന്ന് സുധാകരൻ പറഞ്ഞു. പ്രൊഫഷണൽ കോൺഗ്രസാണ് കോൺഗ്രസിന്‍റെ ഭൗതിക ശക്തി. പ്രൊഫഷണൽ കോൺഗ്രസിന്‍റെ എല്ലാ പരിപാടികൾക്കും കോൺഗ്രസിന്‍റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.