സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിയിലെത്തി രഹസ്യമൊഴി നൽകി. കേസിൽ പങ്കുള്ളവരെ കുറിച്ച് വിശദമായ മൊഴി നൽകിയെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. ശിവശങ്കറിന്റെ നിർദേശ പ്രകാരമാണ് കള്ളക്കടത്തിന് കൂട്ട് നിന്നതെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും ഇതേക്കുറിച്ച് അറിയാമെന്നും സ്വപ്ന പറഞ്ഞു.
സ്വർണക്കടത്തു കേസിൽ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ടെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജൻസികൾക്കു വിശദമായി മൊഴി നൽകിയിട്ടും പല കാര്യങ്ങളും വേണ്ടവിധം അന്വേഷിച്ചിട്ടില്ലെന്നു സ്വപ്ന കുറ്റപ്പെടുത്തി. ജില്ലാ കോടതിയിൽ സ്വപ്ന ഹർജി നൽകിയാണ് രഹസ്യമൊഴി രേഖപ്പെടുത്താനുള്ള ഉത്തരവു നേടിയത്.മജിസ്ട്രേട്ട് മുൻപാകെ ഇന്നലെ രഹസ്യമൊഴി നൽകിയെങ്കിലും പൂർത്തിയാകാത്തതിനെ തുടർന്നാണ് ഇന്നും രേഖപ്പെടുത്താൻ എത്തിയത്.
അറസ്റ്റിലായ ശേഷം കേന്ദ്ര അന്വേഷണ ഏജൻസികളായ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവർ സ്വപ്നയുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തിയിരുന്നു. കോഫെപോസ കരുതൽ തടങ്കൽ അവസാനിച്ചു പുറത്തിറങ്ങിയ ശേഷം കേസിലെ കൂട്ടുപ്രതിയായ എം.ശിവശങ്കറിനെതിരെ സ്വപ്ന രൂക്ഷമായ വിമർശനം നടത്തിയിരുന്നു.