ചെറിയ സ്വർണക്കണികകൾ ഉപയോഗിച്ചുള്ള പ്രഭാവം മൂലം രൂപപ്പെടുന്ന നിർദ്ദിഷ്ട മരുന്ന് ഉൽപാദന രീതി അർബുദത്തെ നിയന്ത്രിക്കുവാനും ചികിത്സയെ മെച്ചപ്പെടുത്തുവാനും സഹായിക്കുമെന്ന് പുതിയ റിപ്പോർട്ട്. അമിറ്റി സെന്റർ ഫോർ നാനോബയോ ടെക്നോളജി ആൻഡ് നാനോ മെഡിസിനിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഗവേഷകർ നാനോബയോ ടെക്നോളജിക്കൽ സംവിധാനങ്ങളുടെ സഹായത്തോടെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചെറിയ സ്വർണ്ണ കണികകളെ കുറിച്ചുള്ള പഠനം ഭാവിയിൽ മികച്ച രീതിയിലുള്ള അർബുദ ചികിത്സയ്ക്ക് വഴിയൊരുക്കുമെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
പ്രാരംഭഘട്ടത്തിൽ തന്നെ രോഗം കണ്ടുപിടിച്ചാൽ മികച്ച രീതിയിലുള്ള ചികിത്സ നടത്തി ഭേദമാക്കാൻ സാധിക്കും. നിലവിലുള്ള ചികിത്സാരീതികൾക്ക് അധികസമയം എടുക്കുകയും കൂടാതെ ഉയർന്ന ചിലവും പാർശ്വഫലങ്ങൾ ഏറെയുമായതിനാൽ ചികിത്സയുടെ യഥാർത്ഥ ഗുണം രോഗിയുടെ ശരീരത്തിൽ എത്തിച്ചേരുന്നില്ല എന്ന് പഠനം സൂചിപ്പിക്കുന്നു. സ്വർണ്ണ കണികകൾ മാത്രമല്ല പ്രവർത്തനക്ഷമമായ സിൽവർ നാനോ പാർട്ടിക്കിളുകൾ ഉപയോഗിച്ച് ശ്വാസകോശത്തിലെ അർബുദകോശങ്ങളെ ചെറുക്കാൻ സാധിക്കുമോ എന്ന തരത്തിലും പഠനം വിപുലീകരിച്ചു. കൂടാതെ സിൽവർ കണികകളുടെ ഉപരിതലത്തിൽ അർബുദത്തെ പ്രതിരോധിക്കാൻ ഉദ്ഭവിക്കുന്ന പ്രഭാവം ഒരു പേപ്പറിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
സ്വർണ്ണവും വെള്ളിയും ഉപയോഗിച്ചുള്ള പഠനങ്ങൾ ചെറിയ കണികകൾ എത്രമാത്രം ക്യാൻസറിനെ ചെറുക്കുമെന്ന തരത്തിൽ ആഴത്തിൽ ധാരണ നൽകിയിട്ടുണ്ട്. ജപ്പാനിലെ മിയാസാക്കി സർവകലാശാലയിലെ ഗവേഷകരും, ഓസ്ട്രേലിയയിലെ ആർ എം ഐ ടി യും ചേർന്നാണ് സിൽവർ കണികകളെ കുറിച്ച് പഠനം നടത്തിയത്.