തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി മരുന്ന് വിരുദ്ധ പ്രചാരണത്തിന്‍റെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായുള്ള ‘ഗോൾ ചലഞ്ച്’ ബുധനാഴ്ച ആരംഭിക്കും. ‘മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി’ എന്ന മുദ്രാവാക്യവുമായി രണ്ട് കോടി ഗോളുകൾ അടിയ്ക്കാനാണ് സർക്കാർ തീരുമാനം. ചടങ്ങ് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ, ബ്യൂറോക്രാറ്റുകൾ, കായിക താരങ്ങൾ, സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
എല്ലാ സ്കൂളുകളിലും, തദ്ദേശ സ്വയംഭരണ വാർഡുകളിലും, പൊതു-സ്വകാര്യ ഓഫീസുകളിലും, കമ്പനികളിലും, പാർക്കുകളിലും, അയൽക്കൂട്ടങ്ങളിലും, പൊതുസ്ഥലങ്ങളിലും ഗോള്‍ ചലഞ്ച് സംഘടിപ്പിക്കും. ഗോൾ ചലഞ്ച് ഡിസംബർ 18ന് അവസാനിക്കും. മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിന്‍റെ രണ്ടാം ഘട്ടം ജനുവരി 26 വരെ തുടരും. എല്ലാവരും ഗോൾ ചലഞ്ചിൽ പങ്കാളികളാകണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
വാർഡുകൾ, സ്ഥാപനങ്ങൾ, സ്കൂളുകൾ എന്നിവയുടെ പ്രധാന കേന്ദ്രങ്ങളിൽ ആർക്കും എപ്പോൾ വേണമെങ്കിലും വന്ന് ഗോൾ അടിക്കാൻ കഴിയുന്ന വിധത്തിൽ ഒരു ഗോൾ പോസ്റ്റ് സ്ഥാപിക്കും. മയക്കുമരുന്നിനെതിരെ ഗോൾ പോസ്റ്റിലും പരിസരത്തും ക്യാമ്പയിൻ സംഘടിപ്പിക്കും. ലോകകപ്പ് മത്സരങ്ങൾക്കായി പൊതു പ്രദർശന കേന്ദ്രങ്ങൾക്ക് സമീപം പോസ്റ്റുകൾ സ്ഥാപിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. തദ്ദേശ സ്ഥാപന തലത്തിൽ ലോകകപ്പ് മത്സരങ്ങളുടെ പ്രദർശനം സംഘടിപ്പിക്കും. മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ ബോധവൽക്കരണ വീഡിയോകൾ ഇത്തരം കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കും.