ലോകത്തിലെ ഗാർഹിക സമ്പത്തിന്‍റെ പകുതിയോളം യുഎസിന്‍റെയും ചൈനയുടെയും കൈവശമെന്ന് കണക്കുകൾ. ലോകത്തിൽ ഏറ്റവും കൂടുതൽ സമ്പാദിക്കുന്നത് ഈ രാജ്യങ്ങളിലെ പൗരൻമാരാണ് എന്നാണ് ഇതിനർത്ഥം. ജിഡിപി പോലുള്ള കണക്കുകൾ സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള ഗതി മനസിലാക്കാൻ കഴിയും, പക്ഷേ ഒരു രാജ്യത്തിന്‍റെ സമ്പത്ത് വിലയിരുത്തുമ്പോൾ പരിഗണിക്കേണ്ട മറ്റ് കാര്യങ്ങളുണ്ട്. അതിലൊന്നാണ് ഒരു രാജ്യത്തിന്‍റെ ഗാർഹിക നിക്ഷേപ കണക്ക്. ലോകത്തിൽ ഏറ്റവും ഉയർന്ന സമ്പന്ന രാജ്യത്തെയും ഏറ്റവും കൂടുതൽ പണവും ആസ്തിയും സമ്പാദിക്കുന്നത് ഏത് രാജ്യത്തെ പൗരന്മാരാണെന്ന് വെളിപ്പെടുത്തുന്നതാണ് ഗാർഹിക സമ്പത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ.
വാർഷിക ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് അനുസരിച്ച്, ഗാർഹിക സമ്പത്തിന്‍റെ പട്ടികയിൽ യുഎസും ചൈനയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ, ഇന്ത്യ ഏഴാം സ്ഥാനത്താണ്. ജപ്പാനാണ് മൂന്നാം സ്ഥാനത്ത്. ജർമ്മനി, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് യഥാക്രമം നാലും അഞ്ചും ആറും സ്ഥാനങ്ങളിൽ. 145.8 ട്രില്യൺ ഡോളറാണ് അമേരിക്കയുടെ ഗാർഹിക സമ്പത്ത്. ചൈനയുടെ ആസ്തി 85.1 ട്രില്യൺ ഡോളറാണ്. ജപ്പാന്റേത് 25.7 ട്രില്യൺ ഡോളറും ജർമ്മനിയുടേത് 17.5 ട്രില്യൺ ഡോളറുമാണ്. യുകെയുടേത് 16.3 ട്രില്യൺ ഡോളറും ഫ്രാൻസിന്‍റേത് 16.2 ട്രില്യൺ ഡോളറുമാണ്. ഏഴാം സ്ഥാനത്തുള്ള ഇന്ത്യയുടെ ഗാർഹിക സമ്പത്ത് 14.2 ട്രില്യൺ ഡോളറാണ്.