വടകര: വടകര റെയിൽവേ പൊലീസ് ഹെഡ്കോൺസ്റ്റബിൾ വി.പി.മഹേഷിന് ഹൃദയത്തിൽ നിന്ന് സല്യൂട്ട് നൽകി യാത്രക്കാർ.നാഗർകോവിലിൽ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസ് ഞായറാഴ്ച വൈകിട്ട് 5.40 ഓടെ വടകര റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തി.
എക്സ്പ്രസിൽ ഭിന്നശേഷിക്കാരുടെ കോച്ചിൽ മറ്റ് യാത്രക്കാർ കയറിയിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന മഹേഷ് പ്ലാറ്റ്ഫോമിലെത്തിയത്.പരിശോധന കഴിഞ്ഞ് അവിടെ തന്നെ നിന്ന അദ്ദേഹം ബാഗുമായി, നീങ്ങിതുടങ്ങിയ ട്രെയ്നിൽ ബാഗുമായി ഓടിയടുക്കുന്ന പെൺകുട്ടിയെ കണ്ട് ,രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ മുൻപും അപകടങ്ങൾ നടന്നിട്ടുള്ളതിനാൽ ഓടിക്കയറാൻ ശ്രമിക്കരുതെന്ന് വിലക്കി.
എന്നാൽ ഇതൊന്നും ഗൗനിക്കാതെ ട്രെയിനിൽ കയറാൻ ശ്രമിച്ച പെൺകുട്ടി പടിയിൽ നിന്ന് കാൽവഴുതി കമ്പിയിൽ പിടിച്ച് തൂങ്ങി നിൽക്കുകയായിരുന്നു. കമ്പിയിൽ നിന്ന് കൈ വഴുതിതുടങ്ങിയ പെൺകുട്ടിയെകണ്ട് അലറിവിളിച്ച പ്ലാറ്റ്ഫോമിലുള്ളവരും നിസ്സഹായരായി. ഓടിയടുത്ത മഹേഷ് പെൺകുട്ടിയെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചിടാൻ ശ്രമിക്കവേ ഇരുവരും അപകടത്തിലാകുമെന്ന അവസ്ഥയിലായി. വളരെവേഗം ബാലൻസ് വീണ്ടെടുത്ത അദ്ദേഹം പെൺകുട്ടിയെക്കൊണ്ട് പ്ലാറ്റ്ഫോമിലേക്ക് വീഴുകയായിരുന്നു. ഇരുവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.ഇത്തരം സാഹസത്തിന് ശ്രമിക്കരുതെന്ന് പെൺകുട്ടിയെ ഉപദേശിച്ച ശേഷം സുരക്ഷിതയായി മറ്റൊരു ട്രെയിനിൽ കയറ്റിവിടുകയും ചെയ്തു.