അമ്മ പ്രസിഡന്റും നടനുമായ മോഹൻലാലിന് തുറന്ന കത്തെഴുതി ഗണേഷ് കുമാർ. അമ്മയുടെ നേതൃത്വം ചിലർ ഹൈജാക്ക് ചെയ്തെന്നും ദിലീപിനോടും വിജയ് ബാബുവിനോടുമുള്ള അമ്മയുടെ നിലപാട് രണ്ടാണെന്നും ഗണേഷ് കുമാർ കത്തിൽ പറയുന്നു.
വിജയ് ബാബുവിനെ യോഗത്തിലേക്ക് കൊണ്ടുവന്നത് ശരിയായില്ല. മാസ് എൻട്രിയായി അമ്മ തന്നെ വിജയ് ബാബുവിന്റെ വീഡിയോ പുറത്തുവിട്ടു. ജനറൽ സെക്രട്ടറി ഇടവേള ബാബു ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനാണോ എന്ന് മോഹൻലാൽ വ്യക്തമാക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. ഈ വിഷയങ്ങളിൽ മോഹൻലാൽ മൗനം വെടിയണമെന്നും ഗണേഷ് കത്തിൽ ആവശ്യപ്പെടുന്നു.
എന്തുകൊണ്ടാണ് അംഗത്വ ഫീസ് 2,05,000 രൂപയായി ഉയർത്തിയത്? തുടങ്ങിയ ചോദ്യങ്ങളും ഗണേഷ് കുമാർ ഉന്നയിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ വിജയ് ബാബുവിൽ നിന്ന് പണം വാങ്ങിയെന്ന യുവനടിയുടെ പരാതിയിലെ ആരോപണം ഗൗരവമുള്ളതാണ്. അമ്മ ക്ലബ് ആണെന്ന് പറഞ്ഞ ഇടവേള ബാബുവിനെ തിരുത്താത്ത മോഹൻലാലിന്റെ നടപടി ശരിയല്ലെന്നും ഗണേഷ് കുറിച്ചു.