തിരുവനന്തപുരം: സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ മുഴുവൻ വീഡിയോയും കോടതിയിൽ സമർപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ പറഞ്ഞു. ഈ തെളിവുകൾ കോടതിയിൽ എത്തിയാൽ സജി ചെറിയാൻ എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടി വരുമെന്ന് മനസിലായതിനാൽ വീഡിയോ കോടതിക്ക് കൈമാറാൻ പൊലീസും സി.പി.എമ്മും മടിക്കുകയാണ്.
കോടതി പ്രസംഗത്തിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടും അന്വേഷണ ഉദ്യോഗസ്ഥർ നൽകിയില്ലെന്നത് ഗൗരവതരമാണ്. സജി ചെറിയാൻ ഭരണഘടനയെ അവഹേളിക്കുന്ന അതേ കാര്യമാണ് സർക്കാർ ചെയ്യുന്നത്. സജി ചെറിയാനെ സംരക്ഷിച്ചുകൊണ്ട് സി.പി.എം വീണ്ടും ഭരണഘടനയെ അവഹേളിക്കുകയാണ്.
രണ്ട് മണിക്കൂറും 29 മിനിറ്റും ദൈർഘ്യമുള്ള വീഡിയോ മുഴുവൻ ബിജെപിയുടെ പക്കലുണ്ട്. ഭരണഘടനയിൽ വിശ്വാസമില്ലാത്ത ഒരാൾക്ക് എങ്ങനെ നിയമസഭയിൽ ഇരിക്കാൻ കഴിയുമെന്ന് മനസ്സിലാകുന്നില്ല. സജി ചെറിയാൻ ഉടൻ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്നും സുധീർ ആവശ്യപ്പെട്ടു.