Spread the love

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പരിപാടിയിൽ നിന്ന് നടൻ ഹരീഷ് പേരടിയെ ഒഴിവാക്കിയ സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ജിയോ ബേബി. ഹരീഷ് പേരടിക്ക് പിന്തുണ പ്രഖ്യാപിച്ച ജിയോ ബേബി, ഒഴിവാക്കാനുള്ള കാരണമായി പറഞ്ഞ പ്രത്യേക സാഹചര്യം എന്താണെന്ന് ചോദിച്ചു.

പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ പു.ക.സയുടെ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലതെന്ന് പരിപാടിയുടെ സംഘാടകർ ഹരീഷ് പേരടിയെ അറിയിക്കുകയായിരുന്നു. ഹരീഷ് പേരടിയെ ജിയോ ബേബി, “ആ പ്രത്യേക രാഷ്ട്രീയ സാഹചര്യം എന്താണ്, പുരോഗമന കലാസാഹിത്യ സംഘമേ?” എന്ന ഒറ്റവരിയിലൂടെ പിന്തുണയ്ക്കുകയായിരുന്നു ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത് തികച്ചും അപ്രതീക്ഷിതവും സങ്കടകരവുമാണെന്ന് ഹരീഷ് പേരടി പറഞ്ഞിരുന്നു. അഭിപ്രായസ്വാതന്ത്ര്യമുള്ള ഈ രാജ്യത്ത്, ഇനിയും നിലപാടുകള്‍ തുറന്നു പറയും. കലാകാരൻമാർക്ക് ആവിഷ്കാരസ്വാതന്ത്ര്യമില്ലാത്ത ഒരു രാഷ്ട്രീയമാണ് രാജ്യത്തുള്ളത്. പ്രത്യേക രാഷ്ട്രീയ സാഹചര്യം എന്താണെന്ന് സംഘാടകർ വിശദീകരിക്കണമെന്നും ഹരീഷ് പേരടി ആവശ്യപ്പെട്ടു. നാടക സംവിധായകൻ എ. ശാന്തന്റെ അനുസ്മരണ പരിപാടിയായ ശാന്തനോർമ്മ എന്ന പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ഹരീഷ് പേരടിയെ അവസാന നിമിഷമാണ് ഒഴിവാക്കിയത്.

By newsten