Spread the love

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ, 2002 ലെ ഗുജറാത്ത് കലാപം, നർമ്മദ ബച്ചാവോ ആന്ദോളൻ, ദലിത് പ്രക്ഷോഭങ്ങൾ, ഭാരതീയ കിസാൻ യൂണിയൻറെ പ്രതിഷേധം തുടങ്ങിയ ഇന്ത്യൻ ചരിത്രത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങൾ ഒഴിവാക്കുകയും തിരുത്തുകയും ചെയ്താണ് എൻസിഇആർടിയുടെ പാഠ്യപദ്ധതി പരിഷ്കരണം.

ദേശീയ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിൻറെ ഭാഗമായി ആറ് മാസം മുമ്പ് പാഠപുസ്തകങ്ങളിൽ നിന്ന് ചരിത്രസംഭവങ്ങൾ നീക്കം ചെയ്യുകയും കൂട്ടിച്ചേർക്കുകയും ചെയ്തപ്പോഴാണ് ഈ ചരിത്രസംഭവങ്ങളെ പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയത്.

ഗുജറാത്ത് കലാപവും അടിയന്തരാവസ്ഥയും വിവരിക്കുന്ന അധ്യായത്തിൻറെ ഏതാനും പേജുകൾ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നക്സലിസം, രാജ്യദ്രോഹക്കുറ്റം, അശോക ചക്രവര്‍ത്തിയെക്കുറിച്ചും(ആറാം ക്ലാസ്, ചരിത്രം) ഭക്രാനംഗല്‍ അണക്കെട്ടിനെപ്പറ്റിയും (12-ാം ക്ലാസ് സോഷ്യോളജി) ഉള്ള നെഹ്‌റുവിന്റെ പരാമര്‍ശങ്ങള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കിയവയില്‍പ്പെടുന്നു.

ആറ് മുതൽ 12 വരെ ക്ലാസുകളിലാണ് പരിഷ്കാരങ്ങൾ നടപ്പാക്കിയത്. ഒഴിവാക്കേണ്ട പാഠങ്ങളെക്കുറിച്ച് സ്കൂളുകൾക്ക് നേരിട്ട് നിർദ്ദേശം നൽകി. 2014ന് ശേഷം ഇത് മൂന്നാം തവണയാണ് പാഠപുസ്തകം പരിഷ്കരിക്കുന്നത്. 2017 ൽ 1,334 മാറ്റങ്ങളാണ് പരിഷ്ക്കരണത്തിൽ വരുത്തിയത്. 2019 ൽ 1,000 ലധികം മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും ഉണ്ടായി.

By newsten