ദോഹ: ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ആഘോഷം കാണാൻ പാരീസിൽ നിന്ന് രണ്ട് യുവാക്കൾ ഖത്തറിലേക്ക് സൈക്കിൾ യാത്രയിലാണ്. ലോകകപ്പിന്റെ ഗാലറിയിൽ സ്വന്തം ടീമായ ഫ്രാൻസിനായി ആവേശം പകരാനുള്ള യാത്രയിലാണ് ഇരുവരും.
ഓഗസ്റ്റ് 20നാണ് മെഹ്ദിയും ഗബ്രിയേലും പാരീസിൽ നിന്ന് ഖത്തറിലേക്ക് സൈക്കിൾ ചവിട്ടാൻ തുടങ്ങിയത്. ഫുട്ബോളിനോടുള്ള അഭിനിവേശവും സ്വന്തം ടീമിനോടുള്ള ആരാധനയുമായി, 10 രാജ്യങ്ങളിലൂടെ 8,000 കിലോമീറ്ററുകൾ താണ്ടിയാണ് 26 കാരായ ഇരുവരുടെയും സഞ്ചാരം. ഉറങ്ങാൻ 2 ടെന്റുകളും വസ്ത്രങ്ങൾ അടങ്ങിയ ബാഗും മാത്രമേ ഇരുവരുടെയും കയ്യിൽ ഉള്ളൂ.
ഫ്രഞ്ച് ഫുട്ബോൾ ടീമിനെ പിന്തുണയ്ക്കുന്നതിനൊപ്പം ആതിഥേയ രാജ്യത്തിന്റെ ലോകകപ്പ് കാഴ്ചകളും ആസ്വദിക്കുകയാണ് ലക്ഷ്യം. ജർമ്മനി, ഓസ്ട്രിയ, സ്ലൊവാക്യ, ഹംഗറി, സെർബിയ, ബൾഗേറിയ എന്നീ രാജ്യങ്ങൾ കടന്ന് ഈ മാസം ഇരുവരും തുർക്കിയിലെത്തി. തുർക്കിയിലെ ഇസ്താംബൂളിൽ നിന്ന് തസുകുവിലേക്കുള്ള യാത്രയിലാണ് ഇപ്പോൾ. ഉടൻ മിഡിൽ ഈസ്റ്റിൽ എത്തും.