ജൂനിയർ ഇന്ത്യൻ വോളിബോൾ ടീം ക്യാംപിലേക്കു തിരഞ്ഞെടുക്കപ്പെട്ടയാളാണ് എ.ആർ.ഭൂമിക. ദേശീയതലത്തിൽ 21 പേരെ തിരഞ്ഞെടുത്തതിൽ എറണാകുളം ജില്ലയിൽ നിന്നുള്ള ഏക പ്രതിനിധിയായ ഭൂമിക വലിയപഴമ്പിള്ളിത്തുരുത്ത് അപ്പച്ചാത്ത് പരേതനായ രാംലാലിന്റെയും ലൈജിയുടെയും മകളാണ്. ടയർ പണികൾ ചെയ്തിരുന്ന പിതാവ് 2 വർഷം മുൻപു മരിച്ചു. അമ്മയും സഹോദരൻ ആകാശുമാണ് ഒപ്പമുള്ളത്. സ്കൂളിലെ മുത്തൂറ്റ് പാപ്പച്ചൻ വോളിബോൾ അക്കാദമി അംഗമാണ് ഭൂമിക. ബെംഗളൂരുവിലെ സിലക്‌ഷൻ ട്രയൽസിനു പോകാനുള്ള ചെലവുകൾ മുത്തൂറ്റ് അക്കാദമിയും സ്കൂൾ മാനേജ്മെന്റും പിടിഎയും ചേർന്നാണു വഹിച്ചത്. തിരിച്ചെത്തിയ ഭൂമികയെ മാനേജർ ജീൻ സുധാകൃഷ്ണന്റെ നേതൃത്വത്തിൽ സ്കൂൾ അധികൃതർ വീട്ടിലെത്തി അനുമോദിച്ചു.